A few words about us

Let us introduce ourselves

യുവതാരാ ഗാര്‍ഡന്‍സ് റസിഡന്റ്‌സ് അസോസിയേഷന്‍ (വൈ. ജി. ആര്‍. എ). തിരുവനന്തപുരം നഗരത്തിലെ കുറവന്‍കോണം പ്രദേശത്തെ നൂറ്റി ഇരുപത്തിയഞ്ചിലധികം കുടുംബങ്ങളുടെ കൂട്ടായ്മ. ജനനം 1993 ആഗസ്റ്റ് മാസത്തില്‍. പ്രദേശ വാസികളുടെ സുഖത്തിലും, ചെറു ചലനങ്ങളിലും പങ്കാളി. ജാതി-മത-കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായ പ്രവര്‍ത്തനം. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സഹകരണത്തിന്റെയും പ്രതീകം. കുടുംബാംഗങ്ങളുടെ ശക്തമായ പിന്തുണ നല്‍കുന്ന കരുത്ത്. അന്നും ഇന്നും നാടിന്റെ സജീവ സാന്നിദ്ധ്യം.
കുറവന്‍കോണം യു. ഐ. ടി. ക്കു് എതിര്‍വശത്ത് തുടങ്ങി കുറവന്‍കോണം ജംഗ്ഷന്‍, കാവ്‌റോഡ് വഴി പണ്ഡിറ്റ്‌സ് കോളനി വരെയുള്ള കുടുംബങ്ങള്‍ അസോസിയേഷനില്‍ അംഗങ്ങളാണ്.
ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷനില്‍ (ഫ്രാറ്റ്) അംഗമാണ്. ജനകീയ പ്രശ്‌നങ്ങളിലെല്ലാം ഫ്രാറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. നഗരസഭയുടെ വാര്‍ഡ് തല യോഗങ്ങളിലും, സിറ്റി പോലീസ് കമ്മീഷണറുടെ മൈത്രീ പോലീസ് യോഗങ്ങളിലും പങ്കെടുക്കാറുണ്ട്. അസോസിയേഷനിലെ വനിതകളുടെ കൂട്ടായ്മയാണ് മഹിളാസമാജം. എല്ലാ മാസവും അംഗങ്ങള്‍ ഒത്തു ചേരുന്നു. സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള പരസ്പര-സഹായ നിധി അംഗങ്ങള്‍ക്ക് സഹായകരമാണ്. വനിതകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. മുതിര്‍ന്നവരുടെ കൂട്ടായ്മയായ സീനിയേഴ്‌സ് ഫോറം ദ്വൈ മാസ യോഗങ്ങള്‍ കൂടുകയും ആകര്‍ഷകങ്ങളായ പല പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വര്‍ഷവും ജനുവരിയില്‍ ‘നവവത്സര കുടുംബസംഗമം’ അരങ്ങേറുന്നു. ഓണത്തോടനുബന്ധിച്ചുള്ള അത്തപ്പൂക്കളം ഒരുക്കല്‍, കലാ-കായിക മത്സരങ്ങള്‍, ഭക്ഷ്യ വിപണന മേള, ഓണ സദ്യ തുടങ്ങിയവ വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍ പങ്കു വയ്ക്കുവാനുതകുന്നു. എസ്സ് എസ്സ്. എല്‍. സി, സി. ബി. എസ്. ഇ., ഐ. സി. എസ്സ്. സി., പത്താം ക്ലാസ്സ്, മലയാളം പരീക്ഷകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു വരുന്നു.
എല്ലാ വര്‍ഷവും സ്വാതന്ത്യ ദിനത്തിന് പതാക ഉയര്‍ത്തുന്നു. ഒക്‌ടോബര്‍ രണ്ട് ശുചീകരണ ദിനമായി ആചരിക്കുന്നു. ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കാറുണ്ട്. അസോസിയേഷന്റെ ചാരിറ്റി ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം നല്‍കാറുണ്ട്.
തെരുവ് വിളക്കുകള്‍ കത്തിക്കുക, ഇടറോഡുകള്‍ നന്നാക്കുക തുടങ്ങി നാടിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ഇടപെട്ടു വരുന്നു.